അഗ്രഹാരത്തിലെ ആളൊഴിഞ്ഞ ഒരു മഠത്തിന്റ തിണ്ണയിൽ, ഇരുട്ടത്ത്, തന്റെ മാറാപ്പിനുള്ളിലേക്ക് അട്ടുക്കൃഷ്ണൻ കൈയിട്ടുപരതി. മുഷിഞ്ഞ മുണ്ടിനും തോർത്തിനും ഇടയിൽ, പഴകി നിറംമങ്ങിയ പിച്ചളസോപ്പുപെട്ടിയിലെ കടലാസുപൊതിയിൽ അതു ഭദ്രമായിത്തന്നെയുണ്ട്. അതിന്റെ വക്കുകളിലൂടെ വീണ്ടും വീണ്ടും വിരലോടിച്ചുകൊണ്ട് തന്റെ പൂർവ്വികരുമായി തന്നെ ബന്ധിപ്പിക്കുന്ന അവസാനത്തെ കണ്ണിയുടെ അസംബന്ധതയോർത്ത് അയാൾ പൊട്ടിച്ചിരിച്ചു. അണ്ണാത്തിരവാധ്യാർക്കു സ്തുതി! അപ്പാ അരുണാചലത്തിനും സ്തുതി! തെങ്കാശിയിലെ വേദശാസ്ത്രപാരംഗതനായ അരുണാചലം മരണക്കിടക്കയിൽ മകനു കൈമാറിയ അമൂല്യനിധി! രണ്ടുപണത്തൂക്കം സ്വർണ്ണത്തിൽ ഒരു പ്രതിമ!
അഗ്രഹാരത്തിൽ ഒച്ചയനക്കങ്ങളില്ല. തെരുവിന്റെ അറ്റത്തെ ലക്ഷ്മീനാരായണസ്വാമി ക്ഷേത്രത്തിനു മുന്നിൽ ധ്യാനത്തിൽ മുഴുകിനിൽക്കുന്ന കഴുതകൾ മാത്രം. നായ്ക്കളുടെ ഓരി. ബ്രഹ്മരക്ഷസ്സുകളുടെ പുറപ്പാടായിക്കാണും. ഒരുപാടു ദുർമ്മരണങ്ങൾ നടന്ന ‘രെട്ടത്തെരു’വാണിത്. ഓരോരുത്തരായി വരട്ടെ. സ്‌ക്കൂട്ടറപകടത്തിൽ മരിച്ച അമ്പിഅയ്യർ. ഗ്യാസുപൊട്ടിത്തെറിച്ച് വിജയം. മകൻ ഭ്രാന്തനായതറിഞ്ഞ് വിട്ടത്തിൽ കെട്ടിത്തൂങ്ങിയ ശേഷാദ്രി… പിന്നെയും ഒട്ടേറെ മുഴുരൂപങ്ങളുണ്ട്. അവയ്ക്കു പിന്നാലെ ചെറുപ്രേതങ്ങൾ… പ്രേതങ്ങളുടെ ഇളംതൊണ്ടകൊണ്ടുള്ള കരച്ചിൽ. അവർ വന്ന് വെള്ളം ചോദിക്കും. ദാഹിച്ച് എക്കിട്ടംകൊണ്ട് അവരുടെ വാക്കുകൾ മുറിഞ്ഞുതെറിക്കുന്നതുകാണാൻ നല്ല രസമാണ്. ‘അട്ടൂ… ഗ്ഗ്… കൊഞ്ജ്ഗം തണ്ണിഗ്ഗ് കൊട്ഡാ…’ പ്രേതങ്ങൾ പൊതുവേ വൃദ്ധരാണ്. ചുക്കിച്ചുളിഞ്ഞ തൊലിയും മേഘം പോലുള്ള മുടിയും അല്പം കൂനുമായി പ്രാഞ്ചിപ്രാഞ്ചിയാണെത്തുക. പല്ലില്ലാത്ത മോണകാട്ടി അവർ കൊഞ്ചുന്നതുകാണുമ്പോൾ അട്ടുവിനു വാത്സല്യം തോന്നും.
അവരെല്ലാം പോയിക്കഴിഞ്ഞാൽ നീണ്ടുനിവർന്ന് കോട്ടുവായിട്ട് അട്ടുവിന്റെ പാട്ടു തുടങ്ങും. വാക്കുകളിൽ ശ്വാസം കലർത്തി, ചെരിച്ചുചെത്തിയ ഒച്ചയിലാണയാളുടെ പാട്ട്.
ഹരേ കൃഷ്ണീ… ഓ… കൈലാസവാസകാ… ഹരേ കൃഷ്ണീ…
ഇതുകേട്ട് ഒരുപാടുപേർ അയാളോടു ചോദിച്ചിട്ടുണ്ട്.
കൈലാസവാസി പരമശിവനല്ലേടാ അട്ടൂ… ഏൻഡാ നീ കൃഷ്ണനെ കൂപ്പിടറായ്…
അതെല്ലാം ഒണ്ണും എനക്കു തെരിയാത്… ആനാ തെങ്കാശിയിലേ എങ്ക വീട്ടുക്ക് അപ്പാ പോട്ട പേര് കൈലാസം. നാൻ കൊഴന്തയായിരിക്കുമ്പോത് അപ്പാ ഇന്ത പാട്ടേ ശൊല്ലിക്കുടുത്താര്…
അരുണാചലത്തിന്റെ പന്ത്രണ്ടുമക്കളിൽ ബുദ്ധിസ്ഥിരതയില്ലാത്തത് കൃഷ്ണനുമാത്രം. അരുണാചലത്തിന്റെ പന്ത്രണ്ടുമക്കളിൽ ജീവിച്ചിരിപ്പുള്ളതും കൃഷ്ണൻ മാത്രം. പന്ത്രണ്ടാം വയസ്സുമുതൽ അഗ്രഹാരങ്ങൾ തോറും കൈലാസവാസകനായ കൃഷ്ണനെക്കുറിച്ചുള്ള പാട്ടുംപാടി, അത് തന്നെക്കുറിച്ചാണല്ലോ എന്നുപോലും ഓർക്കാതെ, അട്ടുവിന്റെ പാഴ്ജന്മം! ആരുടേയും ഒന്നിച്ചു ജീവിച്ചിട്ടില്ലാത്തതുകൊണ്ട് താൻ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത പവിത്രജന്മം. ഇരട്ടത്തെരുവിൽ ഒറ്റയ്ക്ക്.
സമയം കടന്നുപോവുന്നതറിയാൻ ഒരു നിവൃത്തിയും ആഗ്രഹവുമില്ലാത്തതിനാൽ അട്ടുക്കൃഷ്ണൻ അമ്പത്തിയഞ്ചാംവയസ്സിൻരെ പടുകുംഭമേൽ ഞാന്നുകിടക്കുന്ന മുഷിഞ്ഞുനാറിയ മൂവിഴപ്പൂണൂൽ ഞെരടിക്കൊണ്ടിരുന്നു. ദ്രവിച്ചു നിലംപൊത്താറായ തൂണുകളുള്ള ഈ മഠത്തിന്റെ സ്ഥിതി അട്ടുവിനെപ്പോലെത്തന്നെ അസംബന്ധമാണ്. തിണ്ണകഴിഞ്ഞാൽ അകത്തേക്കു തുറക്കുന്ന വാതിൽ ദുർബ്ബലമായ ഒരു ചങ്ങലകൊണ്ട് പൂട്ടിയിട്ടിരിക്കുകയാണ്. വാതിലിനപ്പുറം ചുമരുകൾ ഇടിഞ്ഞുവീണ് കാടുപിടിച്ച ഒരു തുറസ്സിലേക്ക്. അവിടന്ന് വീശിയടിക്കുന്ന കാറ്റിൽ വാതിലുകൾ ബന്ധിച്ചിരിക്കുന്ന ഇരുമ്പുചങ്ങല. ആനവരുമ്പോഴെന്നപോലെ ഉച്ചത്തിൽ കിലുങ്ങി ഞെരങ്ങും.
ചില്ലോടുകൾ പാകിയ മേൽക്കൂരയിൽ പുല്ലുവളർന്നു തഴച്ചിരിക്കുന്നു. അവയ്ക്കിടയിൽനിന്നും മിന്നിത്തിളങ്ങുന്ന കുരുടിപ്പാമ്പുകൾ അട്ടുവിന്റെ തിണ്ണയിലേക്കു വീഴും. കൊടിയവിഷമാണത്രേ. അട്ടു പക്ഷേ അവയെ ഒന്നും ചെയ്യാറില്ല. ഒരിക്കൽ ഇടുപ്പുളുക്കി അനങ്ങാനാവാതെ അട്ടു കിടന്നപ്പോൾ ചെവിയിലേക്ക് ഒരു കുരുടിപ്പാമ്പ് ഇഴഞ്ഞെത്തിയതാണ്. കൈലാസവാസിയായ അട്ടുവിന്റെ ഭഗവാൻ കൃഷ്ണൻ എങ്ങനെയോ അയാളെ കാപ്പാത്തിയെന്നു മാത്രം. ആ കിടപ്പിൽനിന്ന് അട്ടു എഴുന്നേറ്റത് ആറാംനാളിലാണ്. തലമുണ്ഡനം ചെയ്ത് ശരീരം മുഴുവൻ കാവിച്ചേലകൊണ്ടു പുതച്ച് കൂനിനടക്കുന്ന പാട്ടിയമ്മയാണ് അതുവരെ അയാൾക്ക് കഞ്ഞിയും താമരവളയം കൊണ്ടാട്ടവും കൊണ്ടക്കൊടുത്തത്. പാട്ടിയമ്മയെക്കാണുമ്പോൾ അട്ടു കരയും. മുഴുക്കഷണ്ടിയിൽ വിയർപ്പിന്റെ മുത്തുകിരീടം. കുഴിഞ്ഞു കരിവാളിച്ച കണ്ണുകളിൽ ശരണംകെട്ടവന്റെ ദൈന്യം. തന്റേതെന്നു പറയാനൊന്നുമില്ലാത്തവന് ലോകം മുഴുവൻ അമ്മമാരാണെന്ന് അട്ടുവിനോട് അപ്പാ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്തെപ്പോഴോ ആണ്. ആ പറഞ്ഞത് പെരുത്തു പെരുത്ത് ആകാശത്തോളം വളർന്ന് ആയിരം കൂർത്തനഖങ്ങളുമായി, മുഖമില്ലാത്ത അലർച്ചയുമായി, തന്റെ നേർക്കടുക്കുന്നത് അട്ടു ആ കിടപ്പിൽ കണ്ടു.
എണീറ്റുനടക്കാറായതുമുതൽ അയാളെ ആരും ശ്രദ്ധിക്കാതായി. ബൊമ്മക്കൊലുവന്റെ പ്രസാദം… ആവണിയവിട്ടത്തിന് ഒരുനേരത്തെ ഊണ്…. വല്ലപ്പോഴും പൂണൂൽക്കല്യാണമോ തിരുമണമോ വന്നാൽ അന്ന് മൂന്നുനേരത്തെ ഭക്ഷണം. ദൊരൈസ്വാമിയുടെ കാറ്ററിംഗ് സർവ്വീസിനു ചുറ്റിപ്പറ്റി നിന്നാൽ – അതും വല്ലപ്പോഴും – എന്തെങ്കിലും കിടച്ചാലായി. അങ്ങനെയങ്ങനെ നേരംതെറ്റി, അളവുകെട്ട് കഴിക്കുന്നതിന്റെ വായുകുംഭമായി, അട്ടുവിന്റെ കുടവയർ. അട്ടു തൃപ്തനാണ്. ഇഹത്തിലും പരത്തിലുമല്ലാത്ത ആ ജീവിതത്തിന്റെ ആനന്ദം അനന്തനും വർണ്ണിക്കാവതല്ല.
ഇത്തവണ ലക്ഷ്മീനാരായണക്ഷേത്രത്തിൽ തേരുത്സവത്തോടൊപ്പം കുംഭാഭിഷേകം കൂടിയുണ്ട്. അനേകം പൂജകൾക്കൊടുവിൽ സഹസ്രകലശം അഭിഷേകം ചെയ്യും. അത്രയും നാൾ ഗ്രാമത്തിൽ ആഘോഷത്തിമിർപ്പാണ്. എന്നും രാത്രി കച്ചേരികൾ. ഭജന. രാവിലേയും രാത്രിയും ഭഗവാന്റെ ഊർവലം. അട്ടുവും തന്റെ പർണ്ണശാല മാവിലത്തോരണമൊക്കെ തൂക്കി അലങ്കരിച്ചു. മുറ്റത്തെ പുല്ലുപറിച്ചു വെടിപ്പാക്കി ചാണകം തെളിച്ചു. തന്റെ ഭാണ്ഡക്കെട്ടിനരികിൽ ഒരു കൊച്ചുഹനുമാന്റെ ചിത്രമുണ്ട്. അതിനു പിന്നിലാണ് ഊരുതെണ്ടിവന്നു തലചായ്ക്കാറാവുമ്പോൾ തന്റെ അമൂല്യനിധി ഒളിപ്പിച്ചുവയ്ക്കുക. എന്നും സന്ധ്യാബത്തി കത്തിച്ചുകാണിച്ച് ചുമർത്തുളയിൽ അയാൾ തിരുകിവയ്ക്കും. ഹനുമാൻ ദുഃസ്വപ്നനാശനനാണത്രേ. അട്ടുവിന്റെ രാത്രികൾക്കു കാവൽ ഹനുമാന്റെ മാന്ത്രികവാൽ!
അട്ടുക്കൃഷ്ണൻ വെറുതേ ഓർത്തുനോക്കി. അന്നപ്പക്ഷി, സിംഹം, ഹനുമാൻ, ഗരുഢൻ, ആദിശേഷൻ, ആന, പൂവൻതേര്, കുതിരോട്ടം, തേര്, പല്ലക്ക്… തുലാം മാസത്തിലെ തേരുത്സവത്തിലെ പത്തു വാഹനങ്ങളാണ്. ഓർമ്മതെറ്റുന്നില്ല. കാണാൻ തുടങ്ങിയിട്ട് നാല്പതുകൊല്ലത്തിലേറെയായല്ലോ. അക്കാലങ്ങളിൽ ഗ്രാമത്തിന് ഉറക്കമില്ല. രാവേറെച്ചെല്ലുവോളം പൂജയം മന്ത്രോച്ചാരണവും പ്രസാദവിതരണവുമൊക്കെ കാണും. കോവിൽ വളവിലെ പോസ്റ്റിനുചുവട്ടിൽ അട്ടുവിന്റെ വിഹിതം ആരെങ്കിലും കൊണ്ടുചെന്നു കൊടുക്കും. കടലയും പയറും അവിലും പഴവുമൊക്കെയായി സ്വാദിഷ്ഠമായ വിഭവങ്ങൾ. ഒരിക്കൽ മാത്രം അട്ടുവിന്റെ പ്രസാദപ്പൊതിയിലേക്ക് ഒരു ചൂലിൻകെട്ടു വന്നുവീണു. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ, അശ്ലീലം കടവായിലൂടെ ഇറ്റുവീഴുന്ന ശകാരവുമായി ഇരട്ടത്തെരുവിലെ അട്ടുവിന്റെ സന്യാസം മുടക്കാനായി ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടരയച്ച രംഭ!
‘ശെരുപ്പാലടിപ്പേൻ ചണ്ഡാളപ്പൊറുക്കീ… നീ എന്ന നിനച്ചായ്ഡാ രണ്ടുംകെട്ടാനേ… ശെരുപ്പ് കിളിയറവരെയ്ക്കും അറഞ്ച് അറഞ്ച് ഉന്നേ… അവലക്ഷണം കെട്ട ചെള്ളുക്കുറ്റീ…നീയാ എനക്ക് പൊടവൈ കൊടുത്ത് വയത്ത് കൊളന്തൈ പൊറവച്ചവൻ? അല്ലും പഹലുമില്ലാമൽ പാരാട്ടി നടന്തവൻ? ഉച്ചപ്പിശാചേ… ഉന്നൈ നാൻ ശെരുപ്പാലേ ഒതപ്പേൻഡാ… ഗതികിട്ടാപ്രേതമേ….’
നിർത്താതെ ഉച്ചത്തിലുച്ചത്തിൽ, എത്ര ഗംഗാസ്‌നാനം കൊണ്ടും കഴുകിക്കളയാനാവാത്തത്ര ഉശിരൻ തെറിയുമായി രംഭ തന്റെ വജ്രായുധമായ ചൂലിൻകെട്ട് ഉയർത്തിപ്പിടിച്ചുകൊണ്ട് അലറി. ശരീരം വികൃതമായി പൊതിഞ്ഞിരിക്കുന്ന, നിറമറിയാത്തൊരു ചേലയുടെ വശങ്ങളിലാകെ പത്തോ പന്ത്രണ്ടോ ഭാണ്ഡങ്ങൾ തിരുകിത്തൂക്കി, പകുതിയും നരച്ച മുടിയിൽ പലവർണ്ണത്തിലുള്ള റിബ്ബണുകൾ കെട്ടിപ്പിന്നി നിൽപ്പാണവൾ. സ്വർഗ്ഗസുന്ദരിയുടെ ഭൂമിയിലെ അവതാരം! അട്ടു ഞെട്ടി. ഒന്നും മിണ്ടാതെ മണ്ണിൽ ചിതറിയ പ്രസാദം ഇലയിൽ വാരിക്കൂട്ടി ഉടുത്ത പാളത്താറിന്റെ ഞാത്തിൽ പൊതിഞ്ഞുകെട്ടി അയാൾ വേഗത്തിൽ നടന്നകന്നു. അന്നുമുതൽ രംഭയെ അഗ്രഹാരത്തെരുവിന്റെ അങ്ങേത്തലയ്ക്കൽ കണ്ടാൽ അയാൾ മറുവഴിയ്ക്കു രക്ഷപ്പെട്ടുകളയും.
ജീവിതത്തിൽ ഇതുവരെ മറ്റൊരാളില്ലാത്ത അട്ടുവിന്റെ ജീവിതം അതോടെ കലങ്ങിമറിഞ്ഞു. രംഭയും ബ്രാഹ്മണസ്ത്രീയാണെന്ന് അവരുടെ ചരിത്രം ചികഞ്ഞ ആരോ പറഞ്ഞു. ഭർത്താവും മക്കളുമായി സുഖമായി കഴിഞ്ഞുവരവേ ദൈവവിളിപോലെ അവർക്കു കിറുക്കുമുളച്ചു. മുതിർന്ന മക്കളാണത്രേ അവരെ ആദ്യം ആട്ടിയകറ്റിയത്. അങ്ങാടിയിലെ പലചരക്കുകടയിൽ കണക്കെഴുത്തുകാരനായിരുന്ന ഭർത്താവ് അവരെ കുറേക്കാലംകൂടി സഹിച്ചു. ഒരുനാൾ സഹികെട്ട് അയാൾ എലിവിഷം വിഴുങ്ങി രംഭയുടെ സ്വർഗ്ഗരാജ്യത്തുനിന്നും തെറിച്ചുപോയി.
കഥയൊക്കെ കേട്ടപ്പോൾ അട്ടുവിന് അനുകമ്പ തോന്നിയെങ്കിലും ദുർമ്മന്ത്രവാദിനിയെപ്പോലുള്ള അവരുടെ രൂപവും പടക്കം പൊട്ടുന്നതുപോലുള്ള മുട്ടൻ തെറികളുംകൊണ്ട് അയാൾ ഓടിരക്ഷപ്പെടും. ഇക്കണ്ട തെറിവാക്കുകളൊക്കെ ഇവർ കുടുംബലക്ഷ്മിയായിരുന്നപ്പോൾ എവിടെ ഒളിപ്പിച്ചുവച്ചിരുന്നു!
രംഭ എവിടെയാണ് രാത്രികാലങ്ങളിൽ കഴിച്ചുകൂട്ടുന്നതെന്ന് എത്രയന്വേഷിച്ചിട്ടും അട്ടുവിന് അറിയാൻ കഴിഞ്ഞില്ല. കാലത്തുമുതൽ എവിടേയും കാണാഞ്ഞതിൽ സമാധാനിച്ച് ഹനുമാൻ സ്വാമിയെ നല്ലവണ്ണം മനസ്സിൽ ധ്യാനിച്ചാണ് അട്ടു അന്ന് ഉറങ്ങാൻ കിടന്നത്. അന്ന് അമ്പലത്തിൽ സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ കച്ചേരിയായിരുന്നു. അട്ടുവിനെപ്പോലെത്തന്നെ ശ്വാസം കലർത്തി പരപരാ ശബ്ദത്തിൽ പാടുന്ന് സഞ്ജയിന്റെ വായ്പ്പാട്ടിൽ രസിച്ച് കിടക്കുകയായിരുന്നു അട്ടു. ‘ഇനിയൊരു കണം ഉന്നൈ മറവേൻ യദുകുല തിലകാ…’ എന്ന കീർത്തനം ചെവിയോർത്തുകിടന്ന് എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല. പാതിരാത്രിയിൽ ചൂലുംകെട്ടുകൊണ്ട് കാൽവണ്ണയ്ക്കു കിട്ടിയ പ്രഹരംകൊണ്ട് അട്ടു ഞെട്ടിത്തെറിച്ചു.
‘എന്നടാ കണ്ട്‌റാവി പുടിച്ച ശവുണ്ഡിക്കൊറ്റാ… നീ എത്‌ക്കെഡാ എന്നെ വാ വാ ന്ന് കൂപ്പിട്ടായ്… ചൂട് ചൊരണയില്ലാത്ത അഴുക്കുമൂട്ടേ… തായ്‌തെരിയാത്ത ആന്തമുഴി… ഉലകത്തിലേ ഉനക്കുമട്ടും താനാ അന്ത വെല്ലക്കട്ടിയിര്ക്ക്…? ഉനക്ക് എന്നോട് ചേലൈ മട്ടും താനല്ലവോഡാ കിഴിക്കമുടിയും…? പൊമ്പളപ്പൊറുക്കീ… എരുമച്ചാണകമേ… നാണം മാനംകെട്ട കൊടുംപാപീ….’
അട്ടു ചെവി രണ്ടും പൊത്തിക്കൊണ്ട് തിണ്ണ ചാടിയോടി. ഓട്ടത്തിനിടയിൽ മെറ്റലിട്ട റോട്ടിൽ തടഞ്ഞുവീണ് മുട്ടുപൊട്ടി. ചോരനീറ്റലിൽ പുരണ്ട മൺതരികൾ തട്ടിക്കളഞ്ഞ്, തന്റെ ഭാണ്ഡക്കെട്ടിനേയും ഹനുമാൻ ചിത്രത്തേയും അതിനു പിന്നിലെ നിധിരൂപത്തേയും വേദനയോടെ ഓർത്ത് അട്ടു അന്ന് എത്രനേരമോ ഓടി. പിന്നെ വഴിവിളക്കിന്റെ നിഴലിൽ മുഖംപൊത്തി ഏങ്ങി. രാത്രിയ്ക്ക് അന്ന് ശൗര്യവും ദൈർഘ്യവും ഏറെക്കൂടുതലായിരുന്നു.
പിറ്റേന്ന് സംശയിച്ചും പേടിച്ചുമാണ് അട്ടു തന്റെ തിണ്ണയിലെത്തിയത്. കഥകളിയിലെ നൂറ്റെട്ടുവട്ടം ചുറ്റിയ ഉടുത്തുകെട്ടുപോലെ അരയ്ക്കുചുറ്റും കിഴികളും പൊതികളുമായി താടക അവിടെത്തന്നെ ഇരിപ്പാണ്. അട്ടുവിന്റെ ഭാണ്ഡത്തിൽ കയ്യിട്ട് അതുമുഴുവൻ പുറത്തിട്ടു പരതുകയാണ് രംഭ. എല്ലാം പുറത്തു ചിതറിത്തെറിപ്പിച്ച് തന്റെ ഹനുമാൻ ചിത്രേത്തേയും അതിനു പിന്നിലെ പിച്ചളസോപ്പുപെട്ടിയേയും അലക്ഷ്യമായി തപ്പിനോക്കുന്നതു കണ്ട അട്ടുവിനു സഹിച്ചില്ല.
‘അമ്മാ… അതൈ മട്ടും വിട്ട്ടുങ്കോ… എന്നുയിരത്… അമ്മാ…’
അട്ടു കെഞ്ചി. മുലപ്പാൽ കിനിയുന്ന കണ്ണുകളോടെ രംഭ അട്ടുവിനെ നോക്കി.
‘ഇഞ്ചെ വാ… കിട്ടെ വാഡാ…’
തന്റെ സമ്പാദ്യങ്ങളെ ഒന്നും ചെയ്യരുതെന്ന് പേടികൊണ്ടുമാത്രം അട്ടു അങ്ങോട്ടടുത്തു. പിച്ചളപ്പെട്ടിയ്ക്കുള്ളിൽനിന്നും നിറംമങ്ങിയ സ്വർണ്ണത്തിലുള്ള കൊച്ചുരൂപം അവർ കയ്യിലെടുത്തോമനിച്ചു.
‘എന്നടാ ഇദ്…. മളയാളമാ… ഉനക്ക് എത്ക്ക് ഇന്ത മളയാള എള്ത്ത്..?’
അട്ടു സർവ്വശക്തിയും സംഭരിച്ച് ആ സ്വർണ്ണരൂപം തട്ടിപ്പറിച്ചു. ഓടിരക്ഷപ്പെടാൻ തുനിയവേ തന്റെ പാളത്താറിൽ മുറുക്കിപ്പിടിച്ച രംഭയുടെ കൈകൾ തട്ടിമാറ്റാൻ ദുർബ്ബലമായി ശ്രമിച്ചു. മുനിസിപ്പാലിറ്റി കുപ്പവണ്ടി പോലെ അഴുകിനാറുന്ന അവരുടെ മടിത്തട്ടിലേക്ക് അട്ടു മുഖമടച്ചുവീണതു മിച്ചം. ആ കിടപ്പിൽ, തന്റെ മുഴുക്കഷണ്ടിയിലെ വെള്ളിരേഖകളിലൂടെ ചുള്ളിക്കമ്പുപോലുള്ള വിരലുകൾ തഴുകിനീങ്ങുന്നത് അട്ടു അറിഞ്ഞു.
‘ഇന്നയ്ക്ക് ശേഷയ്യർ പൊണ്ണ്ക്ക് കല്യാണം. മണ്ഡപത്തിലേ പോനാൽ മൂക്കുമുട്ടെ ശാപ്പിടലാം. നാമ പോഹലാമാ അട്ടുക്കൊഴന്തേ…’
സമയം കടന്നുപോകുന്തോറും അട്ടുവിന്റെ പ്രതിരോധം തകർന്നുതുടങ്ങി. പഴന്തുണിയും ചാക്കുകഷണങ്ങളും തുന്നിച്ചേർത്ത് രംഭ മാസ്മരികമായ വേഗത്തിൽ അട്ടുവിന്റെ ലോകത്തെ മറച്ചുകെട്ടി. തന്റെ ആയുധമായ ചൂലുകൊണ്ട് അവിടം മുഴുവൻ അടിച്ചുവാരി വെള്ളം തളിച്ചു. താൻ രണ്ടായിപ്പിളർന്ന് തന്നെത്തന്നെ കീഴ്‌പ്പെടുത്തുന്നതായി അട്ടുവിനു തോന്നി. ശ്വാസം പിടിച്ചുള്ള ആ നിൽപ്പ് ഉച്ചവരെ തുടർന്നു. ഉച്ചഭക്ഷണത്തിന് മണ്ഡപത്തിനു പിന്നിലെ ഭിക്ഷക്കാരുടെ വരിയിൽ ഇടിച്ചുകയറി രംഭ ആദ്യം നിന്നു. അട്ടുവിനെ വലിച്ചടുപ്പിച്ച് അവരുടേയും മുന്നിലേക്കു തള്ളിനിർത്തി. കല്യാണപ്പങ്ക് ഒരിലയിൽ ഒരു മലയോളം വാങ്ങിച്ച് രംഭ അട്ടുവിനേയുംകൊണ്ട് തിണ്ണയിലെത്തി.
‘ഇന്നയ്ക്ക് അട്ടുവുക്കും രംഭാവുക്കും കല്യാണം….
ഡും… ഡും… ഡും… പേ പെപ്പരപ്പേ…’
രംഭ ആർത്താർത്തു ചിരിച്ചു. സാമ്പാർകുഴച്ച് ഉരുട്ടിയുരുട്ടി അവർ അട്ടുവിനെ ഊട്ടി. താടകയുടെ കാടൻ ശൃംഗാരത്തിൽ അട്ടു അലിഞ്ഞൊലിച്ചു. വയർ വീർത്തുപൊട്ടാറായപ്പോൾ കണ്ണുതുറിച്ച് ഛർദ്ദിക്കാനുള്ള ആംഗ്യം വരെയെത്തി. ബാക്കിയായ ചോറ് ആർത്തിയോടെ ഉണ്ട്, രംഭ അവിടം മുഴുവൻ വൃത്തിയാക്കി. പായസത്തിന്റെ ലഹരിയിൽ അട്ടു മയങ്ങിവീഴുകയായിരുന്നു. ഉറക്കത്തിനു തൊട്ടുമുമ്പ് അട്ടു രംഭയെ ദയനീയമായി ഒന്നുനോക്കി. അവർ അട്ടുവിന്റെ ഒരേയൊരു സമ്പാദ്യം വീണ്ടുമെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നു.
‘ഇൻ…റെ… ഇൻട്‌റേ… മളയാളത്തിലേ ഇന്ത എളുത്ത്ക്ക് എന്നാ അർത്തം തെരിയുമാ അട്ടൂ…എന്നോട്ത്… നീ ഇന്നേയ്ക്ക് എന്നോട്താച്ച് കണ്ണാ… ഇന്റെ…’
അട്ടു കേൾക്കുന്നുണ്ടായിരുന്നു. കാണുന്നുണ്ടായിരുന്നു, രംഭയുടെ പൂതന, ലളിതാവേഷമാടുന്നതിന്റെ സർപ്പസൗന്ദര്യം.
ആകാശം ഇരുണ്ടുകൂടി പെരുമഴയ്ക്കുള്ള വട്ടംകൂട്ടുമ്പോഴാണ് അട്ടു മയക്കം വിട്ടുണർന്നത്. തുലാവർഷം ഏറെനേരം പേടിപ്പിച്ചാണ് അടുത്തുകൂടുക, രംഭയെപ്പോലെ. അമ്പലത്തിലെ കച്ചേരിയും ഭജനയുമൊക്കെ മഴ ചതിക്കുമോ എന്നു ഗ്രാമക്കാർ പരിഭ്രമിക്കുന്നതു കണ്ടു. കഴിഞ്ഞ വർഷങ്ങളിലെ തുലാമഴ മുഴുവൻ കിടിലത്തോടെയാണ് അട്ടു കഴിച്ചുകൂട്ടിയിട്ടുള്ളത്. ആകാശം പിളർന്ന് ഭൂമിയിലേക്ക് ആഞ്ഞുവീശുന്ന ഇടിവാളിന്റെ കൊടുംമുഴക്കത്തോടൊപ്പം തന്റെ ഹനുമാൻ ഫോട്ടോയെ കെട്ടിപ്പുണർന്ന് രാമരാമാ രാമരാമാന്ന് ജപിച്ചുകഴിച്ചുകൂട്ടിയ ആയിരക്കണക്കിനു രാത്രികൾ അട്ടുവിന്റെ ശേഖരത്തിലുണ്ട്. തുലാവർഷത്തോടൊപ്പം പാമ്പുകളുടെ ശല്യവും കൂടും. മരണത്തെയല്ല ജീവിതത്തെയാണ് അട്ടു വെറുത്തത്. പരിഭ്രാന്തിയുടെ ആ മുഴുവൻ ഭൂതകാലത്തേയും തലകീഴ്മറിച്ചുകൊണ്ട് തന്റെ കൂടെ തുലാവർഷത്തിന്റെ നടുക്കങ്ങൾ പങ്കിടാൻ ഒരാൾ.
വിങ്ങിപ്പൊട്ടിനിൽക്കുന്ന ആകാശത്തിനുകീഴിൽ സന്ധ്യ പെട്ടെന്നു രാത്രിയായി മാറി. എട്ടുമണിയോടെ തുടങ്ങിയ കച്ചേരിയ്ക്ക് ഒരു പന്തൽക്കാലിൽ ചാരി അട്ടു കാതോർത്തു. ഇന്ന് നെയ്‌വേലി സന്താനഗോപാലൻ. മുളങ്കാലിൽ ചാരിയിരുന്ന് പുറംകഴച്ചപ്പോൾ അട്ടു ഒന്നിളകിയിരുന്നേയുള്ളൂ. പുറമടച്ചുള്ള ചവിട്ടിൽ അയാൾ ഉരുണ്ടുവീണു. രംഭയുടെ രൗദ്രവേഷം വീണ്ടും.
‘എന്നടാ അച്ച്പ്പിച്ചേ… ഉനക്ക് കച്ചേരി കിച്ചേരി എതാവതു തെരിയുമാ പരബ്രഹ്മമേ… എടാ മാംസഭക്ഷീ… നക്ഷത്രിയനേ… ബ്രഹ്മരക്ഷസ്സേ… ഉനക്ക് ഇന്നയ്ക്ക് എന്ന നാൾ തെരിയാതാ… അറിവുകെട്ട മുണ്ടേ…. ഇനിയൊരു തടവൈ എന്നെ ഏമാത്തിനാ… എന്നാ തെരിയുമാ… എൻ ശത്തി ദുർഗ്ഗാ സത്തി. തെരിയുമാ… അന്ത പരമശിവനോടെ ലിംഗം അരിഞ്ചപോത് നാൻ ഉന്നോടെ….’
കിടന്ന കിടപ്പിൽ അട്ടുവിനെ നിലത്തുകൂടെ ഇഴച്ചുവലിച്ചുകൊണ്ട് രംഭ അലറിച്ചിരിച്ചു. തന്റെ തിണ്ണയിലെത്തിയതോടെ രംഭ മഹിഷാസുരമർദ്ദിനിയായി. ത്രിശൂലം, ധനുസ്സ്, പത്മം, ശംഖം, സുദർശനം, ലോകനിഗ്രഹശക്തികൾ ഒന്നൊന്നായി തന്റെ ഭാണ്ഡങ്ങളിൽനിന്നും പുറത്തെടുക്കുംപോലെ അട്ടുവിനു തോന്നി. കണ്ണുകളിൽ തീപാറുന്ന ആജ്ഞാഭാവത്തോടെ രംഭ നിലത്തുകിടന്നു. കഥകളിയിലെ കരിവേഷം നിലംപതിച്ചതുപോലെ ഉടുത്തുകെട്ടിന്റെ മറവിൽ ഇപ്പോൾ അവരുടെ മുഖം കാണാനില്ല. പക്ഷേ നാരകീയാഗ്നി ജ്വലിക്കുന്ന മറ്റൊരു കാഴ്ചയിൽ അട്ടുവിനു കണ്ണഞ്ചി. ആകാശമേഘങ്ങൾക്കിടയിൽനിന്ന് ദുർഗ്ഗയുടെ അവസാനത്തെ ആയുധം ഒരു മിന്നൽപ്പിണറായി അവരുടെ കൈകളിലേക്കെത്തി. രംഭയുടെ ശരീരത്തിലേക്ക് വലിച്ചെറിയപ്പെട്ട അട്ടുവിന്റെ സർവ്വാംഗവും തളർന്നിരുന്നു. രക്തസഞ്ചാരം നിലച്ച് തണുത്തുറഞ്ഞ ഒരു ജഡമായി അട്ടുവിന്റെ ആദ്യരാത്രി ആരംഭിച്ചു.
സന്താനഗോപാലന്റെ സാമരാഗത്തിലുള്ള കീർത്തനാലാപം, തുലാമഴയുടെ യുദ്ധകോലാഹലത്തിനും മുകളിലൂടെ ഇഴഞ്ഞെത്തി.
‘അന്നപൂർണ്ണേ വിശാലാക്ഷി രക്ഷ അഖിലഭുവനസാക്ഷി… കടാക്ഷി….’
രംഭ കാത്തിരിക്കുകയാണ്. അട്ടുവിനായി. അട്ടുവിന്റെ പൗരുഷത്തിനായി. അട്ടുവിന്റെ അമ്പത്തിയഞ്ചുവർഷത്തെ ജന്മം മുഴുവൻ വിലയിരുത്തപ്പെടുന്ന നിമിഷം. അപ്പാ അരുണാചലത്തെ മനസ്സിൽ ആവാഹിക്കാൻ അട്ടു ശ്രമിച്ചു. നിത്യബ്രഹ്മചാരി ശ്രീ ഹനുമാനേയും കേണുവിളിച്ചു. വേദശാസ്ത്രങ്ങളും രാമഭക്തിയുമൊക്കെ തോറ്റുപോകുന്ന വിധിമുഹൂർത്തം.
‘ഉന്നത ഗർത്ത തീരവിഹാരിണി ഓംകാരിണി ദുരിതാദി നിവാരിണി… അംബാ…’
അട്ടു മനംചുട്ടു കേണു. മിടിപ്പുപോലും നിലച്ച് ശ്വാസംമുട്ടിക്കുന്ന ആ നിമിഷത്തിൽ അട്ടുവിൽനിന്നും നവദ്വാരങ്ങളിലൂടെയും പ്രാണൻ പൊട്ടിത്തെറിച്ചുപോയി.
ഏറെനേരത്തിനുശേഷം ബോധം വീണുകിട്ടിയ അട്ടു കാണുന്നത് അന്നത്തെ കല്യാണസദ്യ മുഴുവൻ ഛർദ്ദിച്ചും വയറിളകിയും പുറത്തെത്തിച്ച തന്റെ പരാക്രമങ്ങളെ പാട്ടയിലെ വെള്ളംകൊണ്ട് ക്ഷമാപൂർവ്വം കഴുകിക്കളയുന്ന രംഭയെയാണ്. തിണ്ണയ്ക്കരികിലെ ഓവുചാലിലേക്ക് ഛർദ്ദിലും മലവും കലർന്ന വെള്ളത്തോടൊപ്പം ഹനുമാൻ ചിത്രവും ഒഴുകിയിറങ്ങുന്നു. അപ്പുറത്ത്, തുറന്നു ചിതറിക്കിടക്കുന്ന പിച്ചളസോപ്പുപെട്ടിയും.

കുറിപ്പ്:
ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവൽ ഓർമ്മയുണ്ടാവുമല്ലോ. അതിൽ ഇപ്രകാരം.
പഞ്ചുമേനോൻ: ഇന്ദുലേഖയ്ക്ക് മാധവനോട് താല്പര്യം കൊണ്ടാണ് ഈ ദീനവും മറ്റും. മാധവനു ഞാൻ ഇവളെ കൊടുക്കില്ലെന്നു സത്യംചെയ്തതും കേട്ടിട്ടു വ്യസനിക്കുന്നുണ്ടത്രേ. ആ സത്യത്തിനു വല്ല പ്രായശ്ചിത്തവും ചെയ്താൽ പിന്നെ ദോഷമുണ്ടാവുമോ?
കേശവൻ നമ്പൂതിരി: പ്രായശ്ചിത്തം ചെയ്താൽ മതി. ഞാൻ വാദ്ധ്യാരോട് ഒന്നു ചോദിച്ചുകളയാം.
എന്നുപറഞ്ഞ്, അണ്ണാത്തിര വാദ്ധ്യാരെ വരുത്തി അന്വേഷിച്ചതിൽ സത്യംചെയ്തതിനു പ്രായശ്ചിത്തം ചെയ്താൽ, പിന്നെ അതു ലംഘിക്കുന്നതിനു ദോഷമില്ലെന്ന് അദ്ദേഹം വിധിച്ചു. വിവരം പഞ്ചുമേനോനോടു പറഞ്ഞു.
പഞ്ചുമേനവൻ: എന്താണു പ്രായശ്ചിത്തം?
അണ്ണാത്തിരവാദ്ധ്യാർ: സ്വർണ്ണംകൊണ്ടോ വെള്ളികൊണ്ടോ, സത്യംചെയ്തപ്പോൾ ആ സത്യവാചകത്തിൽ ഉപയോഗിച്ച അക്ഷരങ്ങളുടെ ഓരോ പ്രതിമ ഉണ്ടാക്കിച്ച് വേദവിത്തുക്കളായ ബ്രാഹ്മണർക്കു ദാനം ചെയ്കയും അന്ന് ഒരു ബ്രാഹ്മണസദ്യയും അമ്പലത്തിൽ ചുരുക്കത്തിൽ വല്ല വഴിപാടും ചെയ്താൽ മതി. എന്നാൽ അക്ഷരപ്രതിമകൾ സ്വർണ്ണം കൊണ്ടുതന്നെയായാൽ അത്യുത്തമം. അതിനു നിവൃത്തിയില്ലാത്ത ഭാഗം വെള്ളിയിലായാലും മതി.
പഞ്ചുമേനവൻ: സ്വർണ്ണംകൊണ്ടുതന്നെ ഉണ്ടാക്കട്ടെ.
കേശവൻ നമ്പൂതിരി: എന്തു സംശയം? സ്വർണ്ണംതന്നെ വേണം.
അങ്ങിനെതന്നെ എന്നു നിശ്ചയിച്ച് ആ നിമിഷംതന്നെ പെട്ടിതുറന്നു സ്വർണ്ണം എടുത്തു പരിശുദ്ധാത്മാവായ പഞ്ചുമേനവൻ തൂക്കി തട്ടാൻ വശം ഏല്പിച്ചു. സത്യംചെയ്ത വാക്കുകൾ കണക്കാക്കി എ-ന്റെ-ശ്രീ-പോ-ർക്ക-ലീ-ഭ-ഗ-വ-തി-യാ-ണെ-ഞാ-ൻ-ഇ-ന്ദു-ലേ-ഖ-യെ-മാ-ധ-വ-നു-കൊ-ടു-ക്കു-ക-യി-ല്ലാ. ഇരുപത്തൊമ്പത് അക്ഷരങ്ങൾ. അതിൽ ൻ-ന്റെ- ഇത് അക്ഷരങ്ങളായി കൂട്ടേണമോ എന്നു ശങ്കരമേനവൻ സംശയിച്ചതിൽ കൂട്ടണം എന്നുതന്നെ അണ്ണാത്തിരവാദ്ധ്യാർ തീർച്ചയാക്കി. ഓരോ അക്ഷരം ഈരണ്ടുപണത്തൂക്കത്തിൽ ഉണ്ടാക്കിക്കൊണ്ടുവരാൻ ഏല്പിച്ചശേഷം പഞ്ചുമേനവൻ ഇന്ദുലേഖയുടെ മാളികയിൽ വന്നു വിവരം എല്ലാം ഇന്ദുലേഖയുടെ അടുക്കെ ഇരുന്നു പറഞ്ഞു.
…. …. ….
അന്നുതന്നെ പഞ്ചുമേനവൻ പ്രതിമകൾ ദാനം ചെയ്തു. അണ്ണാത്തിരവാദ്ധ്യാർക്ക് ഒരു ഏഴെട്ടക്ഷരങ്ങൾ കിട്ടി. നാലഞ്ചു നമ്മുടെ ശങ്കരശാസ്ത്രികൾക്കും കിട്ടി. അതിലൊന്ന് -ന്റെ- എന്ന അക്ഷരം – അതിനെ അക്ഷരമായി കണക്കാക്കേണമോ എന്നു സംശയമുണ്ടായെങ്കിലും പിന്നീടു വേണമെന്നുതന്നെ തീർച്ചപ്പെട്ടതിനാൽ – തെങ്കാശിക്കാരൻ അരുണാചലമെന്ന വേദശാസ്ത്രപണ്ഡിതനും കിട്ടി. നമ്മുടെ അട്ടുക്കൃഷ്ണന്റെ അപ്പാ.

No comments:
Post a Comment